Monday 5 December 2011

ഒരു ഡയറിക്കുറിപ്പ്........





ഓര്‍മയുടെ ഇല പൊഴിയുന്ന ശിശിരവും കൈക്കുമ്പിളിലേന്തി ഇതാ ഒരു പുതുവര്‍ഷം കൂടി വരവായ്‌.........................................................................................

മനസ്സിന്‍റെ പുസ്തകത്താളില്‍ ഇതള്‍ വിരിഞ്ഞ സ്നേഹത്തിന്‍റെ നവവസന്തവുമായ്‌ പുതുവര്‍ഷം പെയ്തിറങ്ങുമ്പോള്‍കാലയവനികയില്‍ പോയ്‌മറഞ്ഞ എല്ലാ സ്വപ്നങ്ങള്‍ക്കും വിട....


ഇന്ന് ഡിസംബര്‍ 23 വെള്ളിയാഴ്ച ...
ഓര്‍മയുടെ മണിചെപ്പില്‍ സൂക്ഷിക്കുവാന്‍ ഒരു നുള്ള് കുങ്കുമം പോലും കിട്ടിയില്ല.... അതാവാം മനസിന്‍റെ ഇടനാഴിയില്‍ നിന്നാരോ ചോദിച്ചത്... , "ബന്ധങ്ങള്‍ക്കൊന്നും ഒരു നീര്‍ക്കുമിളയുടെ ആയുസ്സ് പോലും ഇല്ലാത്ത ഈ കാലത്ത് ഓരോ ദിവസങ്ങളും നിനക്കെന്തു സമ്മാനിക്കാനാണ്?"....


ഇതൊക്കെ നന്നായി അറിഞ്ഞിട്ടും എന്‍റെ കിളിവാതിലിനരികെ കണ്ണുംനട്ട്
ഞാന്‍ അവനായ്‌ കാത്തിരിക്കുകയാണ്...
അവന്‍ എന്‍റെ ആരാണെന്ന ചോദ്യത്തിന്‌ മുമ്പില്‍ ഇപ്പോളും എനിക്ക് ഉത്തരം ഇല്ല. പക്ഷെ ഒന്നെനിക്കറിയാം അവനാണ് എനിക്ക് എല്ലാമെല്ലാം....



ഒരിക്കല്‍ ഇതുപോലൊരു രാത്രിയിലാണ് ആ മേടമാസ നിലാവിനെയും താരാഗണങ്ങളെയും കത്തി നില്‍ക്കുന്ന കല്‍വിളക്കുകളെയും സാക്ഷിയാക്കി അമ്പലനടയില്‍ നിന്നും അവന്‍ എന്‍റെയീ കൈ പിടിച്ചത്...
ഉത്സവത്തിരക്കുകള്‍ക്കിടയിലൂടെ നടക്കുമ്പോളും ആ കൈകളില്‍ ഞാന്‍
സുരക്ഷിതയായിരുന്നു...

ഇപ്പോള്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷവും ഒരു ചിത്രശലഭത്തെ പോലെ ആ
കൈക്കുടന്നയില്‍ ഒതുങ്ങാനാണ് ഞാന്‍ കൊതിക്കുന്നത്..
അവന്‍റെ തമാശകള്‍ക്കപ്പുറം ആ കണ്ണുനീരിനെ ഞാന്‍ സ്നേഹിച്ചു....

ഓരോ വര്‍ഷവും മറ്റൊരു വര്‍ഷത്തിനായ്‌ വഴി മാറികൊടുക്കുമ്പോള്‍ അറിയാതെ ചോദിച്ചു പോകും ആ വര്‍ഷത്തെ നേട്ടങ്ങളും നഷ്ട്ടങ്ങളും .
2011 എനിക്ക് എന്തൊക്കെ തന്നു ? എന്തെല്ലാം എന്നില്‍ നിന്നും പറിച്ചെടുത്തു?
ഇതിനൊന്നും ഞാന്‍ കണക്ക് സൂക്ഷിച്ചിട്ടില്ല എങ്കിലും 2011 അസ്തമിക്കുമ്പോള്‍ അവനെ എന്നില്‍ നിന്നും അടര്‍ത്തികളയാത്ത കാലത്തോട് ഞാന്‍ നന്ദി പറയുന്നു...................


ഓരോ ഓണനിലാവിലും അരികിലിരുന്നു പാട്ട് പാടിതരാന്‍, എന്‍റെ പരിഭവം കേള്‍ക്കാന്‍, ഒന്നോമനിക്കാന്‍ ,എന്‍റെ അനുവാദം ഇല്ലാതെ എന്നെ കെട്ടിപിടിക്കാന്‍, എന്‍റെ സങ്കടങ്ങളില്‍ ഒന്ന് തഴുകാന്‍, ഓരോ ശാസനത്തിലൂടെയും എന്നെ നേര്‍വഴിക്ക് നടത്താന്‍ എല്ലാത്തിനും എനിക്ക് അവന്‍ തന്നെ വേണം .... അവനു പകരം ഈ ലോകത്ത് മറ്റാരെയും സ്നേഹിക്കാന്‍ എനിക്ക് പറ്റില്ല.


അവന്‍റെ ഓരോ കൊച്ചു പിണക്കങ്ങള്‍ക്കൊടുവിലും ചിണുങ്ങികരയുന്ന എനിക്ക് എങ്ങനെയാ അവനെ മറക്കാന്‍ ആവുക?
ഇതെല്ലം എന്നെക്കാള്‍ നന്നായ്‌ അവനുമാറിയാം എന്നിട്ടും എന്നോടുള്ള സ്നേഹത്തിന്‍റെ മൂടുപടത്തില്‍ ഒരു കൂട് കൂട്ടി അവന്‍ പോയ്‌ ഒളിക്കുമ്പോള്‍ എന്‍റെ സ്നേഹം അറിയാത്തതായ്‌ നടിക്കുമ്പോള്‍ ഇനിയും എന്‍റെയീ മൗനത്തിനുമപ്പുറം നിന്ന് എന്താണ് ഞാന്‍ അവനോടു പറയേണ്ടത്?


ഒരു പക്ഷെ ഇത് തന്നെയാവും നല്ലത്....


മറ്റാരെയും വേദനിപ്പിക്കാതെ, നാളെ ഇതുമൊരു നഷ്ട്ടപെട്ട നീലാംബരിയായ്‌ മാറിടുമ്പോള്‍ ,രാത്രിയെ കാണാന്‍ കൊതിക്കുന്ന പകലിനെ പോലെ ഞാനും ഈ ജന്മം മുഴുവന്‍ അവനെ കാത്തിരിക്കാം...


ശുഭം.....





" ADVANCED HAPPY NEW YEAR..... "

Friday 4 November 2011

പ്രണയം...


കിനാവിന്‍ പൂമുഖപ്പടിയില്‍ അവന്‍

വന്ന് മുട്ടിയൊരാ ഏകാന്ത രാവില്‍

ആരെന്നറിയാതെ ഒന്ന് തുറന്നിട്ടു പോയതാവാം

അവളീ പ്രണയത്തിന്‍ ജാലകവും ...

ക്ഷണിക്കാത്ത വിരുന്നുകാരനായി

ക്ഷണികമാം ജീവിതത്തില്‍ ഒരു മാത്ര

അവനൊന്നവളെ നോക്കി ചിരിച്ചപ്പോള്‍, അവള്‍ക്കായ്‌

ആ കൈവിരല്‍ തുമ്പൊന്നുയര്‍ത്തിയപ്പോള്‍

കപടമീ ലോകമെന്നറിയാതെ അവളുമാ

കൈവിരല്‍ തുമ്പൊന്നു പിടിച്ചതാവാം...

ഒരു പൂക്കാലമായ്‌ വിരിഞ്ഞ രാവില്‍

അവളറിയാതെ പോയ്‌ ആ ശിശിരത്തെ ...

അകലുമാ മഴതന്‍ മാറില്‍ ഒരു മൃദുലമാം നനവാര്‍ന്ന

കണ്ണീരിന്‍ നോവും മൗനവുമായ്‌

അവള്‍ തേങ്ങി...

ആ തേങ്ങലിന്‍ ഈണവും പ്രണയത്തിന്‍ താരാട്ടായി...

ആരും കാണാതെ പോയൊരാ

സ്നേഹത്തിന്‍ ഓര്‍മ്മതന്‍ പൂന്തോപ്പില്‍

ഇന്നും പൂക്കള്‍ വിരിയുന്നു...

അവളുടെയാ കിനാവിന്‍ നൊമ്പരപ്പൂക്കള്‍ ...

നോവാണെന്നറിഞ്ഞിട്ടും ആ പ്രണയത്തെ

അവള്‍ വീണ്ടും പ്രണയിക്കുന്നു...

ഒരു മാത്ര അവനെയൊന്ന് ഓര്‍ക്കാനായ്‌...



***************************************
**************************************
എന്തായിരുന്നു അവള്‍ ചെയ്തുപോയ പാപം

അവനെ പ്രണയിച്ചതോ?



Wednesday 5 October 2011

പെണ്‍പൂവ്...........






വാത്സല്യത്താല്‍തേനൂട്ടാന്‍ വിധിക്കപ്പെട്ടോരാ
കൈകള്‍ ഇന്ന്‍ കൊതിക്കുന്നതോ,
കരവലയത്താലാ ജന്മംപിഴിതെറിഞീ ടുവാന്‍...........
കണ്ണകിതന്‍ ചിലപ്പതികാരത്തിന്‍ശാപമല്ലിത് ,
പൈതൃകംസ്മരിക്കാതെ ചെയ്തു കൂട്ടുന്നൊരാ
വേദനയോലും പാപജാതകത്തിന്‍
ശാപവാക്കുകളാണിവ..........
"അരുത് കാട്ടാളാ .....മാനിഷാദാ"!!!!!!!!!!!!!!
എന്നാരോ ചൊല്ലിയതൊരു
വട്ടമെങ്കിലും കേട്ടതില്ലേ നീയും?
ഹേ! പിതാവേ പട്ടിണി ആണെങ്കില്‍
നിനക്കുമാ മരണത്തിന്‍ വഴിയേ
ഒരു മാത്ര സഞ്ചരിച്ചുകൂടായിരുന്നോ?
ഹേ! മാതാവേ എങ്ങനെ നീയുമാ
കൊടും പാതകത്തിന് കൂട്ടുനിന്നിടുന്നു?
അമ്മയാണിന്നിതെങ്കിലും നീയുമൊരു
സ്ത്രീ തന്നെയല്ലേ?
വിരിയുന്നതിനു മുമ്പേ നിനക്കുമാ
ജീവന്‍ തുടിക്കുന്നൊരാ പെണ്‍പൂവിന്‍
മൊട്ടൊന്നടര്‍ത്തിക്കളഞ്ഞു കൂടായിരുന്നോ?
ജരിതയും മക്കളും ചൊല്ലി
പടിപ്പിച്ചോരീണം താരാട്ടായ്
മൂളിക്കൊടുക്കേണ്ട നീയിതെങ്കിലും
അഗ്നിദേവന്‍റെ മുന്നില്‍ മക്കള്‍ക്കായ്‌
കേണോരാ ജരിതതന്‍ സ്നേഹം
ഒരു മാത്ര നിനക്കൊന്നോര്‍ത്തു -കൂടായിരുന്നോ?
നൊന്തു പെറ്റിട്ടതു മാത്രമോ
നിന്‍റെ മുലപ്പാല്‍ കുടിച്ചല്ലേ
അവള്‍ പിച്ചവെച്ചതും വളര്‍ന്നതും
എന്നിട്ടുമാ ചെന്നായ്ക്കൂട്ടങ്ങള്‍ക്ക്അവളെ
കാഴ്ച്ചവെക്കാന്‍ മാത്രം നിനക്കിതെന്തു പറ്റി ?
നീയുമൊരു അമ്മയാണോ?
അറിയുമോ നിനക്ക് അമ്മതന്‍ വാക്കിനര്‍ത്ഥവും ?
വസന്തങ്ങള ല്ലാതെ ശിശിരങ്ങള്‍ തേടി
വരാന്‍ മാത്രമായ് ഇനിയെങ്കിലും
നീഒരു പെണ്‍പൂവിനും ജന്മംകൊടുക്കാതിരിക്കൂ .........
ഭാരത സ്ത്രീതന്‍ ഭാവ ശുദ്ധി പാടി
പഠിപ്പിക്കെണ്ട പിതാവേ ,
നീകൊടുത്ത ഹൃദയം തന്നെയല്ലെ
അവളില്‍ ഇന്നും തുടിക്കുന്നത് ?
തെരുവോരങ്ങളില്‍ വിലപേശി
വില്‍ക്കുവാനാണെങ്കില്‍ ഇനിയും
നീ ഈ പെണ്‍പൂവിനെ നട്ടുനനച്ചുവളര്‍ത്തിടല്ലേ ...................
"അരുത് കാട്ടാളാ ....മാനിഷാദാ"!!!!!!!!!!!!!!











Saturday 1 October 2011

കലാലയത്തിലൂടെ...........





ആത്മാവിന്‍റെ പുസ്തകത്താളില്‍ അവള്‍ ഒരിക്കല്‍ക്കൂടി എഴുതുകയാണ് അവളുടെ പ്രിയ സ്വപ്നങ്ങളും................നുറുങ്ങു നൊമ്പരങ്ങളും ..............ഒരിത്തിരി കണ്ണീരും.....


ഓര്‍മ്മയുടെ തീരത്ത് എന്നും ഓരോ അരിമുല്ല പൂവിരിയും. നഷ്ട്ട സ്വപ്നങ്ങളുടെ മഞ്ഞ് വീണ ചില്ല് ജാലകത്തില്‍ പ്രഭാത സൂര്യന്‍റെ കിരണങ്ങള്‍ സ്പര്‍ശിക്കുമ്പോള്‍ എന്നോ ഒരു നാളില്‍ കാലം മായ്ച്ച പ്രിയ സ്വപ്‌നങ്ങള്‍ ഓര്‍മ്മയുടെ പുസ്തകത്താളില്‍ തെളിയും............മായ്ച്ചാലും മായാത്ത സ്വപ്‌നങ്ങള്‍...........ഏഴു വര്‍ണ്ണങ്ങളില്‍ ചാലിച്ചെഴുതിയ മഴവില്ലിന്‍റെ നിറമുള്ള എന്‍റെ പ്രിയ സ്വപ്‌നങ്ങള്‍.................


നിഴലും നിലാവും ഇഴചേര്‍ന്ന വീഥികളില്‍ ഇപ്പോഴും കുങ്കുമചെപ്പില്‍ നിന്നും സന്ധ്യയുടെ സ്വപ്നം ഉണരുന്നു............. ഒരിക്കലും കൊഴിയാത്ത ഒരു പൂവ് പോലെ.............


നിലാവിന്‍റെ ഇതളുകള്‍ വിടരുന്ന പുഴതീരത്തെ നിറമുള്ള ഓര്‍മ്മകളില്‍ പുതുമഴയുടെ ഗന്ധത്തോടെ ആ കലാലയം തെളിയും.........എന്‍റെ A.V.A.H(A.V.AbdurahimanHaji.Arts&ScienceCollege Kuluppa)..............


ഇന്ന് അതുമെനിക്ക് നഷ്ട്ടസ്വര്‍ഗം ആവാന്‍ പോകുന്നു........മധു നുകര്‍ന്ന് കൊതി തീരാത്ത വണ്ടിനെ പോലെ,ഇതളുകള്‍ കൊഴിഞ്ഞു തീരാനായ വസന്തം പോലെ, എന്നും നവാഗതര്‍ക്കായ്‌ കാത്തിരിക്കുന്നോരാ അങ്കണത്തില്‍ നിന്നും പടിയിറങ്ങാന്‍ സമയമായ്‌.കാലത്തിന്‍റെ തീര്‍ഥയാത്രയില്‍ വീണ്ടുമൊരു തിരിച്ചുപോക്ക് സാധ്യമല്ലന്നറിയാം. ഈ കലാലയവും കാലയവനികയിലേക്ക് യാത്രയാകുമ്പോള്‍, ഒരു നിമിഷമാ കാലത്തോട്, "അരുത്, പോവരുത്" എന്നോതുവാന്‍ കഴിഞ്ഞെങ്കില്‍........... "കാലം എന്‍റെയീ വാക്കൊന്നു കാതോര്‍ത്തിരുന്നുവെങ്കില്‍" .............
സമ്പന്നതയുടെ ഔന്നിത്യത്തില്‍ നിന്ന് , ജന്മിത്വത്തിന്‍റെ മേല്‍ത്തട്ടില്‍ നിന്ന് സാധാരണക്കാരുടെ യാഥാര്‍ത്യങ്ങളിലേക്ക് ഇറങ്ങി വന്നു പ്രവര്‍ത്തിച്ച എന്‍റെ കലാലയത്തിന്‍റെ സ്ഥാപകനായ ശ്രീ:എ.വി.അബ്ദുറഹ്മാന്‍ഹാജി യശ്ശ;ശരീരനായെങ്കിലും, മഹാനായ അദ്ദേഹത്തെ ഞാനും ആരാധിക്കുന്നു.ആ ശില്‍പിയുടെ സ്മരണക്കുമുമ്പില്‍ കൈകള്‍ കൂപ്പുന്നു.......


കടത്തനാടിന്‍റെ മണ്ണില്‍ കുഞ്ഞാലിമരയ്ക്കാരുടെ നാട്ടില്‍ കുലുപ്പ കുന്നിന്‍റെ നെറുകയില്‍ ചന്ദനമരത്തോപ്പിലാണ് എന്‍റെയീ തിരുമുറ്റം. ഇടനാഴിയിലൂടെ നടന്ന് ക്ലാസ്സിലെ ജനലഴികളിലൂടെ നോക്കിയാല്‍ താഴ്വരയിലെ നെല്‍പാടത്തിനു നടുവിലൂടെ ഒഴുകുന്ന പുഴയും അതിനുമപ്പുറം ആകാശത്തോട് കിന്നാരം പറയുന്ന കടലും,കടലിന്‍റെ മാറില്‍ തിളങ്ങുന്ന "വെള്ളിയാം കല്ലും" കാണാം. ഒരു വട്ടമെങ്കിലും ആ കുളിര്‍ക്കാറ്റിലൂടെ മഴത്തുള്ളിയെ തൊട്ടും തൊടാതെയും സ്വപ്നത്തിലെന്നപോലെ യാത്രയാവാത്തവര്‍ ഇവിടെയുണ്ടാവില്ല. നിലാവിനെ കയ്യെത്തിപിടിക്കാനായ്‌ നാമം ജപിക്കുന്ന ആലിലയും, കാറ്റിനോട് പരിഭവം പറയുന്ന എഴിലംപാലയും കാണുമ്പോള്‍ അതിനോടൊന്നു കൊഞ്ചിക്കുഴയാന്‍ ആര്‍ക്കും തോന്നിപോകും..............


ഗുരുകടാക്ഷം നിറഞ്ഞു തുളുമ്പുന്ന മനസ്സുമായ് ജ്ഞാനത്തിന്‍റെ പുസ്തകത്താളുകള്‍ മറിക്കുമ്പോള്‍ സൗഹൃദത്തിന്‍റെ ഭാഷയാണ്‌ ഓരോ ഗുരുവദനത്തിലും തെളിയാറുള്ളത്. അക്ഷരചിന്തുകള്‍ അഗ്നിയാക്കാനും , തൂലികത്തുമ്പുകള്‍ ആയുധമാക്കാനും , രണ്ടുനാലക്ഷരം കൂട്ടിയുരുവിടാന്‍ നാലു ചുവരുകള്‍ക്കുള്ളിലെ അധികാരത്തിന്‍റെ ചൂരലുകള്‍ അച്ചടക്കത്തിന്‍റെ പാഠങ്ങള്‍ പഠിപ്പിക്കുമ്പോള്‍, വീഴ്ചയില്‍ നിന്ന് കൈപിടിച്ചുയര്‍ത്താനും, നേര്‍വഴി കാട്ടിത്തരാനും അവിടെ എല്ലാവരും ഉണ്ടായിരുന്നു. ............


അരിപ്രാവുകള്‍ കൂടുകൂട്ടാന്‍ കൊതിച്ചോരാ മരത്തണലിലും, കല്പ്പടവുകളിലുമായ് ഒരുപാടു സൗഹൃദങ്ങള്‍ മൊട്ടിട്ടു. ചിലതൊക്കെ പ്രണയമായ് വിരിഞ്ഞു. കാണുന്നതിനെല്ലാം ഏഴുവര്‍ണ്ണങ്ങള്‍ ചാര്‍ത്തുന്ന ഈ കാലത്ത് "മിന്നുന്നതെല്ലാം പൊന്നാണല്ലോ"? ഇവിടെയീ വസന്തത്തില്‍ എത്ര പ്രണയ പുഷ്പങ്ങള്‍ വിരിഞ്ഞു എന്നതിനും അതിലെത്ര ഇതളുകള്‍ പൊഴിഞ്ഞു എന്നതിനും കണക്കില്ല. എങ്കിലും മധുമാസം മാമ്പൂക്കളെ ഒക്കെയും മാമ്പഴമാക്കാറില്ലല്ലോ? അതുകൊണ്ടാവാം മൊട്ടിട്ടെങ്കിലും വിരിയാതെ പോയ പുഷ്പങ്ങളുടെ കണക്ക് പുസ്തകമാണിവിടെ കൂടുതല്‍ ഉള്ളതും.............


ഒരു പൂന്തോപ്പില്‍ വൈവിധ്യമാര്‍ന്ന പൂക്കളെയാണ് കാണാന്‍ സാധിക്കുക. അതുപോലെ ഇവിടെയുമുണ്ട്." ആരും കാണാതെ വിരിഞ്ഞു പോഴിഞ്ഞവ, സുഗന്ധം പരത്തി എല്ലാവരെയും അറിയിച്ചുകൊണ്ട് വിരിഞ്ഞവ, മൗനത്തില്‍ ഒളിപ്പിച്ചു വിരിയാന്‍ മറന്നവ, മറ്റുചിലതോ മൊട്ടിട്ടിട്ടും വിരിയാതെ പോയവ", അങ്ങനെ എല്ലാമാല്ലാം. പക്ഷെ ഒടുവിലീ പൂക്കാലവും ഒരു വിരഹത്തിന്‍ വസന്തം മാത്രം സമ്മാനിച്ചകന്നു...........


എന്‍റെ വേദനകളില്‍ ഞാന്‍ തനിച്ചായ ദിനരാത്രങ്ങളില്‍ ഒരു സൗഹൃ ദത്തിന്‍റെ തൂവല്‍സ്പര്‍ശം എനിക്ക് നിവേദ്യമായി തന്നതും ഈ കലാലയമാണ്. ആരും അറിയാതെ പെയ്തുതോര്‍ന്ന ഒരു വേനല്‍ മഴ പോലെ അതും മണ്ണിന്‍റെ മാറിലേക്കുതിര്‍ന്നൊരു പ്രണയ മഴയായ്‌ തുടിച്ചു.......


ഒന്നു ചിരിക്കുമ്പോള്‍ മാത്രം വിടരാറുള്ള ആ മിഴിയിതളുകള്‍ തിളങ്ങുന്ന ഒരു നക്ഷത്രത്തെ കണ്ടപോലെ പലപ്പോഴും ഞാന്‍ നോക്കിയിരുന്നിട്ടുണ്ട്‌. പക്ഷേ അപ്പോഴൊന്നും എനിക്കറിയില്ലായിരുന്നു അതിനെയൊന്നു നുള്ളിനോവിക്കാനെങ്കിലും എനിക്കാവുമെന്ന്. കാരണം അതെന്‍റെ കയ്യെത്താദൂരത്തായിരുന്നു. എന്നിട്ടും എന്തിനോ ആ കുളിര്‍കാറ്റ് അതെന്‍റെ കൈകളില്‍ എത്തിച്ചു. ആദ്യമൊക്കെ അത്ഭുതത്തോടെ നോക്കി നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. പിന്നീടെപ്പോഴോ ആ പുലര്‍മഞ്ഞിലൂടെ ഞാനതിനെ സ്നേഹിച്ച്‌ തുടങ്ങി............ ഒരു ക്യാമ്പസ്‌ പ്രണയത്തിനുമപ്പുറം ആയതുകൊണ്ടാവാം അതിപ്പോളും എന്‍റെ മനസ്സിലെ വാടാമാല്ലിയാണ്......


നിറം മാറുന്ന കൊടികളിലും, വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലും,
സമരങ്ങളിലുമായ്‌ പരസ്പരം മത്സരിച്ചു ജയിക്കാന്‍ ശ്രമിക്കുമ്പോഴും സൗഹൃദത്തിന്‍റെ നാഴികക്കല്ലില്‍ സ്നേഹം എന്നൊരു വാക്ക്‌ കോറിയിട്ട്‌ കലാലയത്തിന്‍റെ സ്പന്ദനമായ്‌ മാറാന്‍ ആരും മറന്നില്ല.......... "കലാലയം എന്ന വാക്കിന് ഒരു പക്ഷെ സൗഹൃദം എന്നുകൂടി അര്‍ത്ഥമുണ്ടാവാം".......


പൊഴിഞ്ഞ ഇതളുകള്‍ കാണതെയീ പൂന്തോപ്പില്‍ വസന്തങ്ങള്‍ ഇനിയും വരും. എല്ലാമൊരു വഴിയോരക്കാഴ്ചകള്‍ പോലെ പുറകോട്ട് പോയ്‌ മറഞ്ഞാലും ഒരു വേള തിരിഞ്ഞു നോക്കാതെ തന്നെയീ മനസ്സില്‍ ഓര്‍മ്മതന്‍ പൂക്കാലമായ്‌ ഈ കലാലയത്തിന്‍ ഇതളും വിരിഞ്ഞു നില്‍ക്കും..........


ശിശിരങ്ങള്‍ തേടിയെത്താത്ത ഒരു വസന്തം പോല്‍ എന്‍റെ മനസ്സിന്‍റെ ചോലമരക്കൊമ്പിലെ ഇല പൊഴിയാത്ത ഒരു ചില്ലയില്‍ ആ കിളികള്‍ പോയകാല കഥകള്‍ ചൊല്ലാനായ് ഇനിയും എത്തും. അപ്പോഴും നീര്‍മിഴിക്കോണിലെ നീര്‍മണി തുടച്ചുകൊണ്ട് ഞാനവയോട് ഒരിത്തിരി കിന്നാരം ചോദിക്കും .............
"അവയ്ക്കെല്ലാം എന്നെ ഇഷ്ട്ടമായിരുന്നോ?"


* * * ** * * * ** * * * ** * * *

"ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍
മേയുന്ന തിരുമുറ്റത്തെത്തുവാന്‍
മോഹം..........."


ഈ വരികളില്‍ നിങ്ങളുണ്ട്, ഞാനുണ്ട് , നമ്മുടെ സുഹൃത്തുക്കളും ഉണ്ട്..................................


Tuesday 20 September 2011

സ്നേഹത്തൂവല്‍ ........................


"അകലയാണിന്നുമെന്‍ നീലാംബരി

എങ്കിലും നീ, എന്നുമെനിക്കെന്‍റെയീ

ചിറകില്‍ നിന്നടര്‍ന്നു വീണോരാ

സ്നേഹത്തൂവല്‍"..............

"അറിയില്ല നീയിതെങ്കിലും നോവുമീ

സ്നേഹമാണ് എന്‍റെയീ

ശ്രീരാഗവും........."

Tuesday 6 September 2011

ഓണനിലാവ്‌.....



പോയ്പോയൊരാ ഓണനിലാവും

കിനാവിലെ പൊന്നോണ പൂക്കളവും

ആടിമാസം കഴിഞ്ഞാല്‍ ഇനിയും തിരിച്ചു വന്നീടുമോ ?

ചി ങ്ങം പിറന്നിട്ടും അത്തം

വഴിവക്കില്‍ നിന്ന് തേങ്ങുന്നതെന്തേ?

ഇനിയും കരിഞ്ഞുണങ്ങിയ തുമ്പമലരിന്‍റെ

മൊട്ട് അടരുന്നത് കണ്ടിട്ടൊന്ന് ഓണപ്പുലരി

പിറക്കാതെ പോകുമെന്നോര്തിട്ടോ?

അതോ വില്‍പ്പനക്കായി തെളിനീരു തളിച്ച വസന്തത്തെ കണ്ടിട്ടോ?






എല്ലാ മലയാളിയും ഓര്‍മകളില്‍ പൂവ് ചൂടി ഓമനിക്കുന്ന ഒരു വസന്തമാണ് ഓണക്കാലം. വര്‍ഷംതോറും മാറി മാറി വരുന്ന ഓണം ഓര്‍മിപ്പിക്കുന്നത്‌ കാലത്തിന്‍ മാറ്റത്തെയാണ്. തൊടിയിലെ തുമ്പപ്പൂ നുള്ളി മുറ്റത്തൊരു പൂക്കളം ഒരുക്കിയ ബാല്യകാലത്തില്‍ നിന്നും വിലയിട്റ്റ് വില്‍ക്കാന്‍ വെച്ച ഒരു വ്യാപാരചരക്കായ പൂക്കളിലെക്കുള്ള മാറ്റം.






ഇന്നത്തെ ഓണനിലാവിന്റെ ഓര്‍മ്മയില്‍ അത്തപൂക്കളവും, ഊഞ്ഞാലും, നാക്കിലയിലെ തുമ്പപ്പൂചോറും,മാവേലി തമ്പുരാനും ഇല്ല. പകരം മൊബൈലുകളില്‍ മെസ്സജുകള്‍ കൊണ്ട് ഓണാശംസകള്‍ നിറയുന്ന പൂക്കളം മാത്രം.



ഓണപ്പുടവ അണിഞ്ഞു മാവേലി തമ്പുരാന്‍ വരുന്നതും നോക്കി പൂക്കളവും നോക്കി കാവല്‍ ഇരുന്ന ഒരു കുട്ടിക്കാലം ഏതൊരു മലയാളിക്കും സുപരിചിതമാണ്. അതെ എന്നോ ഒരു നാളില്‍ ആ തിരുവോണം നല്‍കിയ സമ്മാനമാണ്.



"എന്നിട്ടും ഇന്നത്തെ ഓണമെന്തേ ഇങ്ങനെ"?????????????



കയ്യില്‍ സമ്മാന പൊതികള്‍ ഒന്നുമില്ലാതെ , ഓര്‍മകളില്‍ ഒരു വസന്തം പോലും വിരിയിക്കാതെ ,കിനാവില്‍ ഒരു മയില്‍‌പീലി പോലും സംമാനിക്കാതെ പോയ്‌ മറയുന്നത്?



"കാലം തെറ്റി പെയ്യുന്ന മഴപോലെ , ഓണത്തിനും കാലം തെറ്റിയോ?"



ഇല്ല. കാലം തെറ്റിയത് ഒന്നുമല്ല.......................മാവേലിയും, ഓണസദ്യയും ഒക്കയുണ്ട്.



ടി.വി യിലൂടെ ഒന്നല്ല ഒരുപാട് മാവേലിയെ കാണാം. കറീമസാലയുടെ പരസ്യത്തിലൂടെ ഓണസദ്യയും നുണയാം






മാറ്റം കാലത്തിനു അനിവാര്യം ............... ഇനിയും മാറട്ടെ ഋതുക്കള്‍..................



പ്രകൃതിതന്‍ വികാരങ്ങള...................... അങ്ങന എല്ലാമെല്ലാം ..............ഒടുവില്‍ ഓണവും ചരിത്രത്തിന്റെ താളില്‍ ആരോ വരക്കുമ്പോള്‍ , "ഓണം തനിക്കെന്നും സ്വന്തം" എന്ന് അഹങ്കരിക്കുന്ന ഓരോ മലയാളിക്കും അന്യമായികൊണ്ടിരിക്കുന്ന ഓണത്തിനായി ഞാനുമിതാ ഒരു പൂക്കളം ഒരുക്കുന്നു...........ഒരു കണ്ണീര്‍ പൂക്കളം.........നിങ്ങള്‍ക്കായി എന്റെ സ്നേഹത്തിന്റെ മിഴിനീര്‍ പൂക്കളം.....



**** ******* **** ****** *** ****** ********** ****** *** ******** ***** ****** ******* ** ** എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍............

Monday 22 August 2011

ഗ്രാമത്തെ തേടി ........................




ഇന്ന് ഓഫീസില്‍ പുതിയ M.D വരുന്ന ദിവസമാണ്. പതിവിലും നേരത്തെ ഉണര്‍ന്നതും അതാവും . അല്ലെങ്കില്‍ ഉറക്കത്തിന്‍റെ മുന്തിരിച്ചാറു നുകരാന്‍ കഴിയാത്തതുമാവാം. സ്വപ്നം നഷ്ട്ടപെട്ട ജീവിതത്തില്‍ ഉറക്കം മാത്രം ബാക്കിയാവാറില്ലല്ലോ? എങ്കിലും ഇന്ന് ഒരുപാട് കാലത്തിനുശേഷം സന്തോഷമെന്ന വാക്കിന്‍റെ പ്രതീക്ഷയിലാണയാള്‍. എന്നും മടുപ്പോട് കൂടിയാണ് ഓഫീസിലേക്ക് യാത്രയാവാറ്‌. എങ്കില്‍ ഇന്നോ, രാജിക്കത്ത് സമര്‍പ്പിക്കുന്ന സന്തോഷത്തോടെയും.

ഈ നഗരജീവിതത്തിന്‍റെ ഒഴുക്ക് ഇവിടെ അവസാനിപ്പിച്ച്, വീണ്ടുമൊരു തിരിച്ചുപോക്ക് അതായിരുന്നു അയാളുടെ മനസ്സില്‍. ഒരുപാട് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടുമാ ശ്യാമസൗന്ദര്യം കാണുവാനാകും എന്ന്‍ പ്രതീക്ഷിച്ചതല്ല.ഇനിയും പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന ഉറപ്പുകൊണ്ടുതന്നെ ഒരു തിരിച്ചുപോക്ക് തീരുമാനിച്ചു. യാത്ര പറയാന്‍ ആളില്ലാത്തതിനാല്‍ തന്‍റെ ശ്വാസം കൊണ്ട് വീര്‍പ്പുമുട്ടികഴിഞ്ഞ ആ നാലുച്ചുവരുകള്‍ക്കുള്ളിലെ നിശബ്ദതയോട്‌ മാത്രം യാത്ര പറഞ്ഞ് അയാള്‍ ഓഫീസിലേക്ക്‌ ഇറങ്ങി...............

പതിവില്‍ ഒരു മാറ്റം. ഓഫീസിലേക്ക് പോവാറുള്ള ബസില്‍ തിരക്കില്ല. എന്നും അപരിചിതരെ മാത്രം കണ്ടുമടുത്ത അയാളുടെ കണ്ണുകള്‍ ഇന്നെങ്കിലും ഒരു പരിചിതമുഖഭാവം ആരില്‍നിന്നോ പ്രതീക്ഷിച്ചെന്നിരിക്കണം. തിരച്ചിലിനൊടുവില്‍ കണ്ടെത്തിയ ആ കണ്ണുകള്‍ അയാളെ എന്തോ ഓര്‍മിപ്പിച്ചു...
ഏതോ ഒരു നഷ്ട്ടസുഗന്ധം അയാളില്‍ അലയടിച്ചു.....ആ കണ്ണുകളിലെ നിറദീപം താന്‍ എവിടെയോ കണ്ടുമറന്നതാണോ എന്നൊരു നിമിഷം സംശയിച്ചു.
അല്ലന്നുറപ്പിച്ചുകൊണ്ട് ജനലഴികളിലൂടെ പുറത്തേക്കു നോക്കിയപ്പോഴാണ് മഴ ചാറുന്നത് അയാളറിഞ്ഞത്. ആ നഗരത്തില്‍ ചേക്കേറിയതില്‍ പിന്നെ അയാള്‍ മഴ പെയ്യുന്നത് കണ്ടിട്ടേയില്ല. ലാപ്ടോപിലും,ഫയലുകളിലും മാത്രം കണ്ണുംനട്ടിരിക്കുമ്പോള്‍ ഋതുഭേദങ്ങള്‍ എങ്ങിനെ അറിയാനാകും????????????

പക്ഷെ , മനസ്സിന്‍റെ ചില്ലുജാലകത്തില്‍ മഞ്ഞുവീണ ഒരു വസന്തകാലം അയാള്‍ക്കും ഉണ്ടായിരുന്നു. ഏതൊരാളെയും പോലെ തന്‍റെ ഗ്രാമീണതയില്‍ നനഞ്ഞുകുതിര്‍ന്ന ആ ഇടവപ്പാതി...........
മഴക്കാലം എല്ലാവരെയും പോലെ അയാള്‍ക്കും എന്നും പ്രിയങ്കരമായിരുന്നു. കാരണം അങ്ങിനയൊരു മഴക്കാലമാണ് തന്‍റെ പ്രിയ കൂട്ടുകാരിയെ തനിക്ക് സമ്മാനിച്ചതും.
മൊട്ടിട്ടപ്പോള്‍ അതൊരു സൗഹൃദം ആയിരുന്നു. പിന്നീടെപ്പോഴോ പ്രണയമായ് വിരിഞ്ഞു....

അവളെക്കുറിച്ചു പറയുകയാണെങ്കില്‍...............,
"അവള്‍ മാളു. വാലിട്ടെഴുതിയ മാന്മിഴിയും ,കവിളിലൊരു കറുത്ത മറുകും , വെളുത്തുമെലിഞ്ഞൊരു സുന്ദരി...
ആമ്പല്‍ പൂവിന്‍റെ നൈര്‍മല്യവും , നിഷ്കളങ്കതയും ആ മുഖത്ത് എപ്പോഴും കാണാമായിരുന്നു. മഞ്ഞ പട്ടുപാവാടയില്‍ അവള്‍ സൗന്ദര്യത്തിന്‍റെ നിറക്കൂട്ടായിരുന്നു"........................
ഒരു പെരുമഴയത്ത്‌ തന്‍റെ കുടക്കീഴിലേക്ക് ഓടികയറിയ ആ നാണക്കാരിയെ അയാളിന്നും ഓര്‍ക്കുന്നു.... പിന്നെ അവര്‍ സ്വപ്‌നങ്ങള്‍ പങ്കിട്ടത് എവിടെ വെച്ചാണെന്നറിയില്ലെങ്കിലും വീണ്ടുമാ ഇടവഴിയിലെ മഞ്ഞുതുള്ളികള്‍ക്കിടയിലും അവര്‍ കണ്ടുമുട്ടാറുണ്ടായിരുന്നു.............
ഹേമന്ദവും, വസന്തവും മാറി മാറി വന്നിട്ടും അവരൊന്നിച്ച് വീണ്ടുമാ വാകമരത്തണലില്‍ എത്രയോ മഴ നനഞ്ഞു................

ഒരു വൃന്ദാവനത്തെയും വസന്തങ്ങള്‍ മാത്രം തേടി വരാറില്ലല്ലോ? പിറകെ ശിശിരവും ഉണ്ടായിരിക്കും. അതൊരു പ്രകൃതി നിയമമാണ്. അതുകൊണ്ടാവാം ഒരുപാട് ചിത്രശലഭങ്ങള്‍ ഉണ്ടായിട്ടും വണ്ടിനെ മാത്രം സ്നേഹിച്ച ആ പൂവിനെ തേടിയും ശിശിരം വന്നെത്തിയത്.

ഒരു യാത്ര പറച്ചിലിന് എന്തര്‍ത്ഥം? അതുകൊണ്ടുതന്നെ അയാള്‍ ആ ചടങ്ങ് മാറ്റിവെച്ചു.ഗ്രാമത്തിന്‍റെ മാറില്‍ എന്നും തലചായ്ക്കാന്‍ ഇഷ്ട്ടപ്പെട്ടതുകൊണ്ടാവാം അദ്ധ്യാപകന്‍ എന്ന പദവിയില്‍ അയാള്‍ സന്തോഷിച്ചതും. പക്ഷെ അതും അയാള്‍ക്ക്‌ എറിഞ്ഞുടക്കണ്ടിവന്നു. ഒരു നിമിഷം കൊണ്ട് തന്‍റെയാ ചിറക്‌ വെട്ടിമാറ്റി നഗരത്തിന്‍റെ മാറിലേക്ക്‌ ഒഴുകിയത് ചിലപ്പോള്‍ അവള്‍ക്കു വേണ്ടി തന്നെ ആയിരിക്കും. അവളെ
നഷ്ട്ടപെടാതിരിക്കാന്‍. അവള്‍ ഒരിക്കലുമാ നഗരത്തിന്‍റെ അഴുക്കുചാലില്‍ പെടാതിരിക്കാന്‍ . പിന്നെ ഏതൊരു മലയാളിയെയും പോലെ തന്‍റെ ബാധ്യതകള്‍ തീര്‍ക്കാനുമാകാം....


"കാത്തിരിക്കണം" എന്നൊരു വാക്കുമാത്രം അവള്‍ക്ക് നല്‍കി അയാള്‍ ആ നഗരത്തില്‍ ഒരു കൂടുകൂട്ടി........



ഭൂതകാലത്തിന്‍റെ ഇടനാഴിയിലൂടെ ഒരു മാത്ര സഞ്ചരിച്ചപ്പോള്‍ സമയം പോയത് അയാളറിഞ്ഞില്ല. ഓഫീസിന്‍റെ മുമ്പില്‍ ഇറങ്ങിയപ്പോഴും അയാളുടെ കണ്ണുകളില്‍ തന്‍റെ ഗ്രാമത്തെ കാണാനുള്ള ആവേശമായിരുന്നു. എങ്കിലും പുതിയ M.D യെ കാണാനായി ക്യാബിനിലേക്ക് പ്രവേശിക്കുമ്പോള്‍ അനുവാദം ചോദിക്കാന്‍ മറന്നില്ല. രാജിക്കത്ത്‌ നല്‍കാനായ്‌ M.D യെ നോക്കിയപ്പോള്‍ ഒരു നിമിഷത്തെ ഞെട്ടലോടെ അയാള്‍ അറിഞ്ഞു. ഒരു മയില്‍പീലിയുമായ്‌ തന്നെ കാത്തിരിക്കുമെന്ന് താന്‍ കരുതിയ തന്‍റെ പ്രിയ കൂട്ടുകാരി...ഈ നഗരത്തിലെ മോഡലിസത്തിലും ആരോ ചാര്‍ത്തിയ കുങ്കുമം തൊടാന്‍ അവള്‍ മറന്നില്ല..........

അതയാളുടെ കണ്ണുകളെ ഈറനാക്കിയെങ്കിലും രാജിക്കത്തും ഏല്‍പ്പിച്ച് ഇന്ന് ഇല്ലാത്ത തന്‍റെ ഗ്രാമത്തെ തേടി അയാള്‍ യാത്രയായ്..........ഒടുവില്‍ അയാളറിഞ്ഞു , നഗരസൗന്ദര്യത്തിന്‍റെ കൈകളില്‍ തന്‍റെയീ ഗ്രാമവും ഒരു പിടി ചാരമായ്‌ തീര്‍ന്നിരിക്കുന്നു............................


** ** ** ** ** ** ** ** ** ** ** ** ** ** ** ** ** ** ** ** ** *** ** *** *** ** **

NB:എന്‍റെ പ്രിയ പ്രവാസികള്‍ക്ക്,


* കാണാന്‍ കൊതിച്ചു കൊണ്ട് നിങ്ങള്‍ ഓടിയെത്തുമ്പോള്‍ നിങ്ങളുടെ ഗ്രാമവും നഗരത്തിന്‍റെ മുഖംമൂടി അണിഞ്ഞിരിക്കും............

* ഇന്നത്തെ ഗ്രാമത്തെ തേടി നാളെ നിങ്ങള്‍ വരുന്നതില്‍ അര്‍ത്ഥമില്ല...........



Monday 15 August 2011

അഹം...


അഹമാണിന്നഖിലേശ്വരന്‍...........
അഹം ഭാവത്തിനാല്‍ തുടിച്ചിടുന്നു
ഇന്നീ ലോകവും ..............
അഹത്തിന്‍ ചൂടേറ്റു വെന്തുരികിടുന്നു
ഇന്നീ പ്രകൃതിയും .............
അഹം തന്നയാണിന്നീ വസന്തവും,
ശിശിരവും പോയ്‌ മറയും കാലവും...
ഏതോ ഹിമാലയ തന്തുക്കളാല്‍
പടുത്തുയര്‍ത്തിയ ഭൂമിയാം ബിംബം
സമുദ്രമായ്‌ അലയടിക്കുന്നതുമീ ഭാവത്തിനാല്‍...
അഹമായ്‌ മനുഷ്യന്‍ കീഴടക്കുന്നതീ
പ്രകൃതിതന്‍ മായാത്ത മഴവില്ലിനെയെങ്കിലും
ആത്മാവ് പറന്നുയര്‍ന്നിടുമ്പോള്‍
കേള്‍ക്കുവാനാകുമോ അഹത്തിന്‍ സ്പന്ദനം?
വീണ്ടും പ്രകൃതിതന്‍ കണ്ണീരായി
മഴ പെയ്തിറങ്ങിടുമ്പോള്‍ ഒടുവിലീ
ഭൂമി ജലഗോളമായ്‌ മാറിടുമ്പോഴും
മനുഷ്യമനസ്സില്‍ തുടിക്കുമോ ഈ
അഹംഭാവം ഒരു മാത്ര ???????

Saturday 6 August 2011

നന്ദി..........

ഒരു വട്ടം കുടി ഞാന്‍
നിനക്കായ്‌ നേദിക്കുകയാണ്
നന്ദിയെന്നോരീ വാക്ക്‌.......
നീ എനിക്കായ്‌ തന്നൊരീ
സ്നേഹമാം നോവിനും....
ഒരു നനുത്ത സ്പര്‍ശമാം തിരയായ്
വന്ന് എന്നെ പുല്‍കിയതിനും..........
താലോലിച്ച് താലോലിച്ച് പുണര്‍ന്നെന്നെ
നീയാക്കി മാറ്റിയതിനും...........
ഒടുവിലീ കിനാവിന്‍റെ കോണില്‍
തീരാത്തൊരു നോവ്‌ സമ്മാനിച്ച്
എന്നെ തനിച്ചാക്കിയകന്നതിനും......
നന്ദിയെന്നോരീ വാക്കിന്‍ ചൂടിനാല്‍
നിന്നെ ഞാനിനിയും എന്നുമെന്നും സ്നേഹിച്ചീടാം...

ഈ സന്ധ്യ ........