Saturday, 1 October 2011

കലാലയത്തിലൂടെ...........

ആത്മാവിന്‍റെ പുസ്തകത്താളില്‍ അവള്‍ ഒരിക്കല്‍ക്കൂടി എഴുതുകയാണ് അവളുടെ പ്രിയ സ്വപ്നങ്ങളും................നുറുങ്ങു നൊമ്പരങ്ങളും ..............ഒരിത്തിരി കണ്ണീരും.....


ഓര്‍മ്മയുടെ തീരത്ത് എന്നും ഓരോ അരിമുല്ല പൂവിരിയും. നഷ്ട്ട സ്വപ്നങ്ങളുടെ മഞ്ഞ് വീണ ചില്ല് ജാലകത്തില്‍ പ്രഭാത സൂര്യന്‍റെ കിരണങ്ങള്‍ സ്പര്‍ശിക്കുമ്പോള്‍ എന്നോ ഒരു നാളില്‍ കാലം മായ്ച്ച പ്രിയ സ്വപ്‌നങ്ങള്‍ ഓര്‍മ്മയുടെ പുസ്തകത്താളില്‍ തെളിയും............മായ്ച്ചാലും മായാത്ത സ്വപ്‌നങ്ങള്‍...........ഏഴു വര്‍ണ്ണങ്ങളില്‍ ചാലിച്ചെഴുതിയ മഴവില്ലിന്‍റെ നിറമുള്ള എന്‍റെ പ്രിയ സ്വപ്‌നങ്ങള്‍.................


നിഴലും നിലാവും ഇഴചേര്‍ന്ന വീഥികളില്‍ ഇപ്പോഴും കുങ്കുമചെപ്പില്‍ നിന്നും സന്ധ്യയുടെ സ്വപ്നം ഉണരുന്നു............. ഒരിക്കലും കൊഴിയാത്ത ഒരു പൂവ് പോലെ.............


നിലാവിന്‍റെ ഇതളുകള്‍ വിടരുന്ന പുഴതീരത്തെ നിറമുള്ള ഓര്‍മ്മകളില്‍ പുതുമഴയുടെ ഗന്ധത്തോടെ ആ കലാലയം തെളിയും.........എന്‍റെ A.V.A.H(A.V.AbdurahimanHaji.Arts&ScienceCollege Kuluppa)..............


ഇന്ന് അതുമെനിക്ക് നഷ്ട്ടസ്വര്‍ഗം ആവാന്‍ പോകുന്നു........മധു നുകര്‍ന്ന് കൊതി തീരാത്ത വണ്ടിനെ പോലെ,ഇതളുകള്‍ കൊഴിഞ്ഞു തീരാനായ വസന്തം പോലെ, എന്നും നവാഗതര്‍ക്കായ്‌ കാത്തിരിക്കുന്നോരാ അങ്കണത്തില്‍ നിന്നും പടിയിറങ്ങാന്‍ സമയമായ്‌.കാലത്തിന്‍റെ തീര്‍ഥയാത്രയില്‍ വീണ്ടുമൊരു തിരിച്ചുപോക്ക് സാധ്യമല്ലന്നറിയാം. ഈ കലാലയവും കാലയവനികയിലേക്ക് യാത്രയാകുമ്പോള്‍, ഒരു നിമിഷമാ കാലത്തോട്, "അരുത്, പോവരുത്" എന്നോതുവാന്‍ കഴിഞ്ഞെങ്കില്‍........... "കാലം എന്‍റെയീ വാക്കൊന്നു കാതോര്‍ത്തിരുന്നുവെങ്കില്‍" .............
സമ്പന്നതയുടെ ഔന്നിത്യത്തില്‍ നിന്ന് , ജന്മിത്വത്തിന്‍റെ മേല്‍ത്തട്ടില്‍ നിന്ന് സാധാരണക്കാരുടെ യാഥാര്‍ത്യങ്ങളിലേക്ക് ഇറങ്ങി വന്നു പ്രവര്‍ത്തിച്ച എന്‍റെ കലാലയത്തിന്‍റെ സ്ഥാപകനായ ശ്രീ:എ.വി.അബ്ദുറഹ്മാന്‍ഹാജി യശ്ശ;ശരീരനായെങ്കിലും, മഹാനായ അദ്ദേഹത്തെ ഞാനും ആരാധിക്കുന്നു.ആ ശില്‍പിയുടെ സ്മരണക്കുമുമ്പില്‍ കൈകള്‍ കൂപ്പുന്നു.......


കടത്തനാടിന്‍റെ മണ്ണില്‍ കുഞ്ഞാലിമരയ്ക്കാരുടെ നാട്ടില്‍ കുലുപ്പ കുന്നിന്‍റെ നെറുകയില്‍ ചന്ദനമരത്തോപ്പിലാണ് എന്‍റെയീ തിരുമുറ്റം. ഇടനാഴിയിലൂടെ നടന്ന് ക്ലാസ്സിലെ ജനലഴികളിലൂടെ നോക്കിയാല്‍ താഴ്വരയിലെ നെല്‍പാടത്തിനു നടുവിലൂടെ ഒഴുകുന്ന പുഴയും അതിനുമപ്പുറം ആകാശത്തോട് കിന്നാരം പറയുന്ന കടലും,കടലിന്‍റെ മാറില്‍ തിളങ്ങുന്ന "വെള്ളിയാം കല്ലും" കാണാം. ഒരു വട്ടമെങ്കിലും ആ കുളിര്‍ക്കാറ്റിലൂടെ മഴത്തുള്ളിയെ തൊട്ടും തൊടാതെയും സ്വപ്നത്തിലെന്നപോലെ യാത്രയാവാത്തവര്‍ ഇവിടെയുണ്ടാവില്ല. നിലാവിനെ കയ്യെത്തിപിടിക്കാനായ്‌ നാമം ജപിക്കുന്ന ആലിലയും, കാറ്റിനോട് പരിഭവം പറയുന്ന എഴിലംപാലയും കാണുമ്പോള്‍ അതിനോടൊന്നു കൊഞ്ചിക്കുഴയാന്‍ ആര്‍ക്കും തോന്നിപോകും..............


ഗുരുകടാക്ഷം നിറഞ്ഞു തുളുമ്പുന്ന മനസ്സുമായ് ജ്ഞാനത്തിന്‍റെ പുസ്തകത്താളുകള്‍ മറിക്കുമ്പോള്‍ സൗഹൃദത്തിന്‍റെ ഭാഷയാണ്‌ ഓരോ ഗുരുവദനത്തിലും തെളിയാറുള്ളത്. അക്ഷരചിന്തുകള്‍ അഗ്നിയാക്കാനും , തൂലികത്തുമ്പുകള്‍ ആയുധമാക്കാനും , രണ്ടുനാലക്ഷരം കൂട്ടിയുരുവിടാന്‍ നാലു ചുവരുകള്‍ക്കുള്ളിലെ അധികാരത്തിന്‍റെ ചൂരലുകള്‍ അച്ചടക്കത്തിന്‍റെ പാഠങ്ങള്‍ പഠിപ്പിക്കുമ്പോള്‍, വീഴ്ചയില്‍ നിന്ന് കൈപിടിച്ചുയര്‍ത്താനും, നേര്‍വഴി കാട്ടിത്തരാനും അവിടെ എല്ലാവരും ഉണ്ടായിരുന്നു. ............


അരിപ്രാവുകള്‍ കൂടുകൂട്ടാന്‍ കൊതിച്ചോരാ മരത്തണലിലും, കല്പ്പടവുകളിലുമായ് ഒരുപാടു സൗഹൃദങ്ങള്‍ മൊട്ടിട്ടു. ചിലതൊക്കെ പ്രണയമായ് വിരിഞ്ഞു. കാണുന്നതിനെല്ലാം ഏഴുവര്‍ണ്ണങ്ങള്‍ ചാര്‍ത്തുന്ന ഈ കാലത്ത് "മിന്നുന്നതെല്ലാം പൊന്നാണല്ലോ"? ഇവിടെയീ വസന്തത്തില്‍ എത്ര പ്രണയ പുഷ്പങ്ങള്‍ വിരിഞ്ഞു എന്നതിനും അതിലെത്ര ഇതളുകള്‍ പൊഴിഞ്ഞു എന്നതിനും കണക്കില്ല. എങ്കിലും മധുമാസം മാമ്പൂക്കളെ ഒക്കെയും മാമ്പഴമാക്കാറില്ലല്ലോ? അതുകൊണ്ടാവാം മൊട്ടിട്ടെങ്കിലും വിരിയാതെ പോയ പുഷ്പങ്ങളുടെ കണക്ക് പുസ്തകമാണിവിടെ കൂടുതല്‍ ഉള്ളതും.............


ഒരു പൂന്തോപ്പില്‍ വൈവിധ്യമാര്‍ന്ന പൂക്കളെയാണ് കാണാന്‍ സാധിക്കുക. അതുപോലെ ഇവിടെയുമുണ്ട്." ആരും കാണാതെ വിരിഞ്ഞു പോഴിഞ്ഞവ, സുഗന്ധം പരത്തി എല്ലാവരെയും അറിയിച്ചുകൊണ്ട് വിരിഞ്ഞവ, മൗനത്തില്‍ ഒളിപ്പിച്ചു വിരിയാന്‍ മറന്നവ, മറ്റുചിലതോ മൊട്ടിട്ടിട്ടും വിരിയാതെ പോയവ", അങ്ങനെ എല്ലാമാല്ലാം. പക്ഷെ ഒടുവിലീ പൂക്കാലവും ഒരു വിരഹത്തിന്‍ വസന്തം മാത്രം സമ്മാനിച്ചകന്നു...........


എന്‍റെ വേദനകളില്‍ ഞാന്‍ തനിച്ചായ ദിനരാത്രങ്ങളില്‍ ഒരു സൗഹൃ ദത്തിന്‍റെ തൂവല്‍സ്പര്‍ശം എനിക്ക് നിവേദ്യമായി തന്നതും ഈ കലാലയമാണ്. ആരും അറിയാതെ പെയ്തുതോര്‍ന്ന ഒരു വേനല്‍ മഴ പോലെ അതും മണ്ണിന്‍റെ മാറിലേക്കുതിര്‍ന്നൊരു പ്രണയ മഴയായ്‌ തുടിച്ചു.......


ഒന്നു ചിരിക്കുമ്പോള്‍ മാത്രം വിടരാറുള്ള ആ മിഴിയിതളുകള്‍ തിളങ്ങുന്ന ഒരു നക്ഷത്രത്തെ കണ്ടപോലെ പലപ്പോഴും ഞാന്‍ നോക്കിയിരുന്നിട്ടുണ്ട്‌. പക്ഷേ അപ്പോഴൊന്നും എനിക്കറിയില്ലായിരുന്നു അതിനെയൊന്നു നുള്ളിനോവിക്കാനെങ്കിലും എനിക്കാവുമെന്ന്. കാരണം അതെന്‍റെ കയ്യെത്താദൂരത്തായിരുന്നു. എന്നിട്ടും എന്തിനോ ആ കുളിര്‍കാറ്റ് അതെന്‍റെ കൈകളില്‍ എത്തിച്ചു. ആദ്യമൊക്കെ അത്ഭുതത്തോടെ നോക്കി നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. പിന്നീടെപ്പോഴോ ആ പുലര്‍മഞ്ഞിലൂടെ ഞാനതിനെ സ്നേഹിച്ച്‌ തുടങ്ങി............ ഒരു ക്യാമ്പസ്‌ പ്രണയത്തിനുമപ്പുറം ആയതുകൊണ്ടാവാം അതിപ്പോളും എന്‍റെ മനസ്സിലെ വാടാമാല്ലിയാണ്......


നിറം മാറുന്ന കൊടികളിലും, വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലും,
സമരങ്ങളിലുമായ്‌ പരസ്പരം മത്സരിച്ചു ജയിക്കാന്‍ ശ്രമിക്കുമ്പോഴും സൗഹൃദത്തിന്‍റെ നാഴികക്കല്ലില്‍ സ്നേഹം എന്നൊരു വാക്ക്‌ കോറിയിട്ട്‌ കലാലയത്തിന്‍റെ സ്പന്ദനമായ്‌ മാറാന്‍ ആരും മറന്നില്ല.......... "കലാലയം എന്ന വാക്കിന് ഒരു പക്ഷെ സൗഹൃദം എന്നുകൂടി അര്‍ത്ഥമുണ്ടാവാം".......


പൊഴിഞ്ഞ ഇതളുകള്‍ കാണതെയീ പൂന്തോപ്പില്‍ വസന്തങ്ങള്‍ ഇനിയും വരും. എല്ലാമൊരു വഴിയോരക്കാഴ്ചകള്‍ പോലെ പുറകോട്ട് പോയ്‌ മറഞ്ഞാലും ഒരു വേള തിരിഞ്ഞു നോക്കാതെ തന്നെയീ മനസ്സില്‍ ഓര്‍മ്മതന്‍ പൂക്കാലമായ്‌ ഈ കലാലയത്തിന്‍ ഇതളും വിരിഞ്ഞു നില്‍ക്കും..........


ശിശിരങ്ങള്‍ തേടിയെത്താത്ത ഒരു വസന്തം പോല്‍ എന്‍റെ മനസ്സിന്‍റെ ചോലമരക്കൊമ്പിലെ ഇല പൊഴിയാത്ത ഒരു ചില്ലയില്‍ ആ കിളികള്‍ പോയകാല കഥകള്‍ ചൊല്ലാനായ് ഇനിയും എത്തും. അപ്പോഴും നീര്‍മിഴിക്കോണിലെ നീര്‍മണി തുടച്ചുകൊണ്ട് ഞാനവയോട് ഒരിത്തിരി കിന്നാരം ചോദിക്കും .............
"അവയ്ക്കെല്ലാം എന്നെ ഇഷ്ട്ടമായിരുന്നോ?"


* * * ** * * * ** * * * ** * * *

"ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍
മേയുന്ന തിരുമുറ്റത്തെത്തുവാന്‍
മോഹം..........."


ഈ വരികളില്‍ നിങ്ങളുണ്ട്, ഞാനുണ്ട് , നമ്മുടെ സുഹൃത്തുക്കളും ഉണ്ട്..................................


2 comments:

  1. വാടിക്കൊഴിഞ്ഞ ഒരു പൂവിനെ ,മനസ്സില്‍ എന്നെന്നേക്കും വാടാതെ സൂക്ഷിക്കുന്നു .............................നന്നായിരിക്കുന്നു

    ReplyDelete