Monday, 22 August 2011

ഗ്രാമത്തെ തേടി ........................
ഇന്ന് ഓഫീസില്‍ പുതിയ M.D വരുന്ന ദിവസമാണ്. പതിവിലും നേരത്തെ ഉണര്‍ന്നതും അതാവും . അല്ലെങ്കില്‍ ഉറക്കത്തിന്‍റെ മുന്തിരിച്ചാറു നുകരാന്‍ കഴിയാത്തതുമാവാം. സ്വപ്നം നഷ്ട്ടപെട്ട ജീവിതത്തില്‍ ഉറക്കം മാത്രം ബാക്കിയാവാറില്ലല്ലോ? എങ്കിലും ഇന്ന് ഒരുപാട് കാലത്തിനുശേഷം സന്തോഷമെന്ന വാക്കിന്‍റെ പ്രതീക്ഷയിലാണയാള്‍. എന്നും മടുപ്പോട് കൂടിയാണ് ഓഫീസിലേക്ക് യാത്രയാവാറ്‌. എങ്കില്‍ ഇന്നോ, രാജിക്കത്ത് സമര്‍പ്പിക്കുന്ന സന്തോഷത്തോടെയും.

ഈ നഗരജീവിതത്തിന്‍റെ ഒഴുക്ക് ഇവിടെ അവസാനിപ്പിച്ച്, വീണ്ടുമൊരു തിരിച്ചുപോക്ക് അതായിരുന്നു അയാളുടെ മനസ്സില്‍. ഒരുപാട് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടുമാ ശ്യാമസൗന്ദര്യം കാണുവാനാകും എന്ന്‍ പ്രതീക്ഷിച്ചതല്ല.ഇനിയും പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന ഉറപ്പുകൊണ്ടുതന്നെ ഒരു തിരിച്ചുപോക്ക് തീരുമാനിച്ചു. യാത്ര പറയാന്‍ ആളില്ലാത്തതിനാല്‍ തന്‍റെ ശ്വാസം കൊണ്ട് വീര്‍പ്പുമുട്ടികഴിഞ്ഞ ആ നാലുച്ചുവരുകള്‍ക്കുള്ളിലെ നിശബ്ദതയോട്‌ മാത്രം യാത്ര പറഞ്ഞ് അയാള്‍ ഓഫീസിലേക്ക്‌ ഇറങ്ങി...............

പതിവില്‍ ഒരു മാറ്റം. ഓഫീസിലേക്ക് പോവാറുള്ള ബസില്‍ തിരക്കില്ല. എന്നും അപരിചിതരെ മാത്രം കണ്ടുമടുത്ത അയാളുടെ കണ്ണുകള്‍ ഇന്നെങ്കിലും ഒരു പരിചിതമുഖഭാവം ആരില്‍നിന്നോ പ്രതീക്ഷിച്ചെന്നിരിക്കണം. തിരച്ചിലിനൊടുവില്‍ കണ്ടെത്തിയ ആ കണ്ണുകള്‍ അയാളെ എന്തോ ഓര്‍മിപ്പിച്ചു...
ഏതോ ഒരു നഷ്ട്ടസുഗന്ധം അയാളില്‍ അലയടിച്ചു.....ആ കണ്ണുകളിലെ നിറദീപം താന്‍ എവിടെയോ കണ്ടുമറന്നതാണോ എന്നൊരു നിമിഷം സംശയിച്ചു.
അല്ലന്നുറപ്പിച്ചുകൊണ്ട് ജനലഴികളിലൂടെ പുറത്തേക്കു നോക്കിയപ്പോഴാണ് മഴ ചാറുന്നത് അയാളറിഞ്ഞത്. ആ നഗരത്തില്‍ ചേക്കേറിയതില്‍ പിന്നെ അയാള്‍ മഴ പെയ്യുന്നത് കണ്ടിട്ടേയില്ല. ലാപ്ടോപിലും,ഫയലുകളിലും മാത്രം കണ്ണുംനട്ടിരിക്കുമ്പോള്‍ ഋതുഭേദങ്ങള്‍ എങ്ങിനെ അറിയാനാകും????????????

പക്ഷെ , മനസ്സിന്‍റെ ചില്ലുജാലകത്തില്‍ മഞ്ഞുവീണ ഒരു വസന്തകാലം അയാള്‍ക്കും ഉണ്ടായിരുന്നു. ഏതൊരാളെയും പോലെ തന്‍റെ ഗ്രാമീണതയില്‍ നനഞ്ഞുകുതിര്‍ന്ന ആ ഇടവപ്പാതി...........
മഴക്കാലം എല്ലാവരെയും പോലെ അയാള്‍ക്കും എന്നും പ്രിയങ്കരമായിരുന്നു. കാരണം അങ്ങിനയൊരു മഴക്കാലമാണ് തന്‍റെ പ്രിയ കൂട്ടുകാരിയെ തനിക്ക് സമ്മാനിച്ചതും.
മൊട്ടിട്ടപ്പോള്‍ അതൊരു സൗഹൃദം ആയിരുന്നു. പിന്നീടെപ്പോഴോ പ്രണയമായ് വിരിഞ്ഞു....

അവളെക്കുറിച്ചു പറയുകയാണെങ്കില്‍...............,
"അവള്‍ മാളു. വാലിട്ടെഴുതിയ മാന്മിഴിയും ,കവിളിലൊരു കറുത്ത മറുകും , വെളുത്തുമെലിഞ്ഞൊരു സുന്ദരി...
ആമ്പല്‍ പൂവിന്‍റെ നൈര്‍മല്യവും , നിഷ്കളങ്കതയും ആ മുഖത്ത് എപ്പോഴും കാണാമായിരുന്നു. മഞ്ഞ പട്ടുപാവാടയില്‍ അവള്‍ സൗന്ദര്യത്തിന്‍റെ നിറക്കൂട്ടായിരുന്നു"........................
ഒരു പെരുമഴയത്ത്‌ തന്‍റെ കുടക്കീഴിലേക്ക് ഓടികയറിയ ആ നാണക്കാരിയെ അയാളിന്നും ഓര്‍ക്കുന്നു.... പിന്നെ അവര്‍ സ്വപ്‌നങ്ങള്‍ പങ്കിട്ടത് എവിടെ വെച്ചാണെന്നറിയില്ലെങ്കിലും വീണ്ടുമാ ഇടവഴിയിലെ മഞ്ഞുതുള്ളികള്‍ക്കിടയിലും അവര്‍ കണ്ടുമുട്ടാറുണ്ടായിരുന്നു.............
ഹേമന്ദവും, വസന്തവും മാറി മാറി വന്നിട്ടും അവരൊന്നിച്ച് വീണ്ടുമാ വാകമരത്തണലില്‍ എത്രയോ മഴ നനഞ്ഞു................

ഒരു വൃന്ദാവനത്തെയും വസന്തങ്ങള്‍ മാത്രം തേടി വരാറില്ലല്ലോ? പിറകെ ശിശിരവും ഉണ്ടായിരിക്കും. അതൊരു പ്രകൃതി നിയമമാണ്. അതുകൊണ്ടാവാം ഒരുപാട് ചിത്രശലഭങ്ങള്‍ ഉണ്ടായിട്ടും വണ്ടിനെ മാത്രം സ്നേഹിച്ച ആ പൂവിനെ തേടിയും ശിശിരം വന്നെത്തിയത്.

ഒരു യാത്ര പറച്ചിലിന് എന്തര്‍ത്ഥം? അതുകൊണ്ടുതന്നെ അയാള്‍ ആ ചടങ്ങ് മാറ്റിവെച്ചു.ഗ്രാമത്തിന്‍റെ മാറില്‍ എന്നും തലചായ്ക്കാന്‍ ഇഷ്ട്ടപ്പെട്ടതുകൊണ്ടാവാം അദ്ധ്യാപകന്‍ എന്ന പദവിയില്‍ അയാള്‍ സന്തോഷിച്ചതും. പക്ഷെ അതും അയാള്‍ക്ക്‌ എറിഞ്ഞുടക്കണ്ടിവന്നു. ഒരു നിമിഷം കൊണ്ട് തന്‍റെയാ ചിറക്‌ വെട്ടിമാറ്റി നഗരത്തിന്‍റെ മാറിലേക്ക്‌ ഒഴുകിയത് ചിലപ്പോള്‍ അവള്‍ക്കു വേണ്ടി തന്നെ ആയിരിക്കും. അവളെ
നഷ്ട്ടപെടാതിരിക്കാന്‍. അവള്‍ ഒരിക്കലുമാ നഗരത്തിന്‍റെ അഴുക്കുചാലില്‍ പെടാതിരിക്കാന്‍ . പിന്നെ ഏതൊരു മലയാളിയെയും പോലെ തന്‍റെ ബാധ്യതകള്‍ തീര്‍ക്കാനുമാകാം....


"കാത്തിരിക്കണം" എന്നൊരു വാക്കുമാത്രം അവള്‍ക്ക് നല്‍കി അയാള്‍ ആ നഗരത്തില്‍ ഒരു കൂടുകൂട്ടി........ഭൂതകാലത്തിന്‍റെ ഇടനാഴിയിലൂടെ ഒരു മാത്ര സഞ്ചരിച്ചപ്പോള്‍ സമയം പോയത് അയാളറിഞ്ഞില്ല. ഓഫീസിന്‍റെ മുമ്പില്‍ ഇറങ്ങിയപ്പോഴും അയാളുടെ കണ്ണുകളില്‍ തന്‍റെ ഗ്രാമത്തെ കാണാനുള്ള ആവേശമായിരുന്നു. എങ്കിലും പുതിയ M.D യെ കാണാനായി ക്യാബിനിലേക്ക് പ്രവേശിക്കുമ്പോള്‍ അനുവാദം ചോദിക്കാന്‍ മറന്നില്ല. രാജിക്കത്ത്‌ നല്‍കാനായ്‌ M.D യെ നോക്കിയപ്പോള്‍ ഒരു നിമിഷത്തെ ഞെട്ടലോടെ അയാള്‍ അറിഞ്ഞു. ഒരു മയില്‍പീലിയുമായ്‌ തന്നെ കാത്തിരിക്കുമെന്ന് താന്‍ കരുതിയ തന്‍റെ പ്രിയ കൂട്ടുകാരി...ഈ നഗരത്തിലെ മോഡലിസത്തിലും ആരോ ചാര്‍ത്തിയ കുങ്കുമം തൊടാന്‍ അവള്‍ മറന്നില്ല..........

അതയാളുടെ കണ്ണുകളെ ഈറനാക്കിയെങ്കിലും രാജിക്കത്തും ഏല്‍പ്പിച്ച് ഇന്ന് ഇല്ലാത്ത തന്‍റെ ഗ്രാമത്തെ തേടി അയാള്‍ യാത്രയായ്..........ഒടുവില്‍ അയാളറിഞ്ഞു , നഗരസൗന്ദര്യത്തിന്‍റെ കൈകളില്‍ തന്‍റെയീ ഗ്രാമവും ഒരു പിടി ചാരമായ്‌ തീര്‍ന്നിരിക്കുന്നു............................


** ** ** ** ** ** ** ** ** ** ** ** ** ** ** ** ** ** ** ** ** *** ** *** *** ** **

NB:എന്‍റെ പ്രിയ പ്രവാസികള്‍ക്ക്,


* കാണാന്‍ കൊതിച്ചു കൊണ്ട് നിങ്ങള്‍ ഓടിയെത്തുമ്പോള്‍ നിങ്ങളുടെ ഗ്രാമവും നഗരത്തിന്‍റെ മുഖംമൂടി അണിഞ്ഞിരിക്കും............

* ഇന്നത്തെ ഗ്രാമത്തെ തേടി നാളെ നിങ്ങള്‍ വരുന്നതില്‍ അര്‍ത്ഥമില്ല...........Monday, 15 August 2011

അഹം...


അഹമാണിന്നഖിലേശ്വരന്‍...........
അഹം ഭാവത്തിനാല്‍ തുടിച്ചിടുന്നു
ഇന്നീ ലോകവും ..............
അഹത്തിന്‍ ചൂടേറ്റു വെന്തുരികിടുന്നു
ഇന്നീ പ്രകൃതിയും .............
അഹം തന്നയാണിന്നീ വസന്തവും,
ശിശിരവും പോയ്‌ മറയും കാലവും...
ഏതോ ഹിമാലയ തന്തുക്കളാല്‍
പടുത്തുയര്‍ത്തിയ ഭൂമിയാം ബിംബം
സമുദ്രമായ്‌ അലയടിക്കുന്നതുമീ ഭാവത്തിനാല്‍...
അഹമായ്‌ മനുഷ്യന്‍ കീഴടക്കുന്നതീ
പ്രകൃതിതന്‍ മായാത്ത മഴവില്ലിനെയെങ്കിലും
ആത്മാവ് പറന്നുയര്‍ന്നിടുമ്പോള്‍
കേള്‍ക്കുവാനാകുമോ അഹത്തിന്‍ സ്പന്ദനം?
വീണ്ടും പ്രകൃതിതന്‍ കണ്ണീരായി
മഴ പെയ്തിറങ്ങിടുമ്പോള്‍ ഒടുവിലീ
ഭൂമി ജലഗോളമായ്‌ മാറിടുമ്പോഴും
മനുഷ്യമനസ്സില്‍ തുടിക്കുമോ ഈ
അഹംഭാവം ഒരു മാത്ര ???????

Saturday, 6 August 2011

നന്ദി..........

ഒരു വട്ടം കുടി ഞാന്‍
നിനക്കായ്‌ നേദിക്കുകയാണ്
നന്ദിയെന്നോരീ വാക്ക്‌.......
നീ എനിക്കായ്‌ തന്നൊരീ
സ്നേഹമാം നോവിനും....
ഒരു നനുത്ത സ്പര്‍ശമാം തിരയായ്
വന്ന് എന്നെ പുല്‍കിയതിനും..........
താലോലിച്ച് താലോലിച്ച് പുണര്‍ന്നെന്നെ
നീയാക്കി മാറ്റിയതിനും...........
ഒടുവിലീ കിനാവിന്‍റെ കോണില്‍
തീരാത്തൊരു നോവ്‌ സമ്മാനിച്ച്
എന്നെ തനിച്ചാക്കിയകന്നതിനും......
നന്ദിയെന്നോരീ വാക്കിന്‍ ചൂടിനാല്‍
നിന്നെ ഞാനിനിയും എന്നുമെന്നും സ്നേഹിച്ചീടാം...

ഈ സന്ധ്യ ........